Image
പൊതുവിവരം
ആഗോള, ദേശീയ, സംസ്ഥാന തലങ്ങളിൽ മൊത്തം വളർച്ചയിൽ തളർച്ചയുടെ ഒരു വർഷമായിരുന്നു 2019. 2018-ലെ 3.5 ശതമാനം അപേക്ഷിച്ച് 2019 ൽ ലോക ഉൽപ്പാദനം 2.9 ശതമാനം വളർച്ച മാത്രമാണ് നേടിയത്. 2008-09 സാമ്പത്തിക പ്രതിസന്ധിയിൽ നേരിട്ടതിനേക്കാൾ മോശമായ സാമ്പത്തിക മാന്ദ്യത്തിലേക്ക് ലോക സമ്പദ് വ്യവസ്ഥ നീങ്ങി. ദേശീയ വളർച്ചാ നിരക്ക് 2018-19-ലെ 6.1 ശതമാനത്തിൽ നിന്ന് 2019-20 ൽ 4.2 ശതമാനമായി കുറഞ്ഞു. 2018-19 ൽ ദേശീയ മൊത്ത ആഭ്യന്തരോൽപ്പന്ന വളർച്ചാ നിരക്ക് മറികടന്ന് 6.49 ശതമാനമായി ഉയർന്ന കേരളത്തിന്റെ മൊത്ത ആഭ്യന്തരോൽപ്പന്ന വളർച്ചാ നിരക്ക് 2019-20 ൽ കുറഞ്ഞു.
ത്വരിത കണക്കിൽ മൊത്ത സംസ്ഥാന ആഭ്യന്തരോല്‍പ്പന്നം (ജി.എസ്.ഡി.പി) 2011-12-ലെ സ്ഥിര വിലയിൽ 2018-19-ലെ താല്ക്കാലിക കണക്കുകളിലെ 5.49 ലക്ഷം കോടി രൂപയിൽ നിന്ന് 2019-20 ൽ 5.68 ലക്ഷം കോടി രൂപയായി വര്‍ദ്ധിച്ചു. വളര്‍ച്ചാ നിരക്ക് 2018-19-ലെ 6.49 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോൾ 2019-20 ൽ 3.45 ശതമാനമാണ്. നടപ്പു വിലയിൽ മൊത്ത ആഭ്യന്തര ഉല്പ്പന്നം 2018-19-ലെ 7.90 ലക്ഷം കോടി രൂപയിൽ നിന്ന് 8.15 ശതമാനം വർദ്ധനവ് നേടി 2019-20 ൽ 8.54 ലക്ഷം കോടി രൂപയായി.
മൊത്ത സംസ്ഥാന മൂല്യ വർദ്ധനവ് (ജി.എസ്.വി.എ) 2011-12-ലെ സ്ഥിര വിലയിൽ 2018-19-ലെ താൽകാലിക കണക്കുകളിലെ 4.89 ലക്ഷം കോടി രൂപയിൽ നിന്ന് 2019-20-ലെ ത്വരിത കണക്കിൽ 5.01 ലക്ഷം കോടി രൂപയായി വർദ്ധിച്ചു. വളർച്ചാ നിരക്ക് 2018-19-ലെ 6.2 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോൾ 2019-20 ൽ 2.58 ശതമാനം മാത്രമാണ്. എന്നിരുന്നാലും, 2016-17 മുതൽ 2019-20 വരെയുള്ള ശരാശരി വളർച്ചാ നിരക്ക് (5.4 ശതമാനം), 2012-13 മുതൽ 2015-16 വരെയുള്ള ശരാശരി വളർച്ചാ നിരക്കിനേക്കാൾ (4.8 ശതമാനം) ഉയർന്നതായിരുന്നു.
ദേശീയ വളർച്ചാ നിരക്കിനേക്കാൾ ഉയർന്നു നിന്നിരുന്ന കേരളത്തിന്റെ വളർച്ചാ നിരക്ക് 2019-20 ൽ താഴോട്ട് പോയി. കഴിഞ്ഞ മൂന്നു വർഷമായി സംസ്ഥാന സമ്പദ് വ്യവസ്ഥ നേരിടുന്ന പ്രതിസന്ധികളാണ് വളർച്ചാ നിരക്ക് കുറയാനുള്ള കാരണം. 2017-ലെ ഓഖി ചുഴലിക്കാറ്റ്, കടുത്ത മഴ കാരണം ഉണ്ടായ 2018-ലെയും 2019-ലെയും പ്രളയം എന്നിവ സംസ്ഥാനത്തിന് നേരിടേണ്ടതായിവന്നു. പ്രകൃതി ദുരന്തങ്ങൾ സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചു നിരവധി പേരുടെ ജീവനെയും ജീവിനോപാധികളെയും സമ്പദ് വ്യവസ്ഥയുടെ ഉത്പാദന മേഖലകളെയും ഇവ പ്രതികൂലമായി ബാധിക്കുകയും ചെയ്തു.
കോവിഡ്-19 മഹാമാരി കാരണമുള്ള പ്രതിസന്ധിയും അതിന്‍റെ ഫലമായി വന്നു ചേർന്ന അടച്ചിടലും വളർച്ചാ നിരക്ക് താഴുന്നതിനുള്ള സമ്മർദ്ദം കൂടുതൽ രൂക്ഷമാക്കി. 2020-ൽ ലോക സമ്പദ് വ്യവസ്ഥ 3.2 ശതമാനം ചുരുങ്ങുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. അഖിലേന്ത്യാ മൊത്ത ആഭ്യന്തരോല്‍പ്പന്നം വളർച്ചയുടെ ആദ്യ പാദത്തിൽ (ഏപ്രിൽ 2020 മുതൽ ജൂൺ 2020 വരെ) 22.8 ശതമാനം ചുരുങ്ങുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കേരള സംസ്ഥാന ആസൂത്രണ ബോർഡ് കോവിഡ്-19 പകർച്ചവ്യാധി മൂലം കേരളത്തിന്റെ സമ്പദ് വ്യവസ്ഥക്ക് വരുന്ന നഷ്ടം കണക്കാക്കുകയും 2020-21 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ 26 ശതമാനം ചുരുങ്ങും എന്ന് കണക്കാക്കി.
വളർച്ചാ നിരക്ക് കുറയുമ്പോൾ തന്നെ വില കുതിച്ചുയരുന്നത് സാമ്പത്തിക വിഷമതകൾ വർദ്ധിപ്പിക്കുന്നു. പണപ്പെരുപ്പം 2019-20 ആദ്യ പകുതിയിൽ നല്ല നിലയിൽ തുടർന്നു, എന്നാൽ ഭക്ഷ്യ വില സമ്മർദ്ദങ്ങൾ വർദ്ധിച്ചത് കാരണം ഡിസംബർ 2019-ഫെബ്രുവരി 2020 കാലയളവിൽ ലക്ഷ്യം വെച്ച പണപ്പെരുപ്പത്തിന്റെ ഉയർന്ന സഹിഷ്ണുത ബിന്ദുവും അത് മറികടന്നു. ഉപഭോക്തൃ വില സൂചിക പ്രകാരം പണപ്പെരുപ്പം 2020 ൽ 6 മുതൽ 7 ശതമാനം വരെ ഉയർന്നു നിന്നു. സപ്ലൈകോ, കൺസ്യൂമർഫെഡ് തുടങ്ങിയ സഹകരണ സ്ഥാപനങ്ങളുടെ സഹായത്തോടെ ന്യായവിലയിൽ ഉപഭോക്താക്കൾക്ക് സാധനങ്ങൾ ലഭ്യമാക്കാൻ സംസ്ഥാന സർക്കാർ നടപടികൾ സ്വീകരിച്ചു.
2011-12 നും 2018-19 നും ഇടയിലുള്ള കാലഘട്ടത്തിൽ കാർഷിക മേഖലയിലും അനുബന്ധ മേഖലകളിലെയും മൂല്യ വർദ്ധനവിലെ വളർച്ച മന്ദഗതിയിലോ പ്രതികൂലമായോ ആയി തുടരുകയാണ്. 2018-19 ലും 2019-20 ലും യഥാക്രമം (-)2.38 ശതമാനവും (-)6.62 ശതമാനവുമായിരുന്നു വളർച്ചാ നിരക്ക്.
2019-20-ലെ ഭൂവിനിയോഗ കണക്കനുസരിച്ച് സംസ്ഥാനത്തിന്റെ മൊത്തം ഭൂവിസ്തൃതിയായ 38.86 ലക്ഷം ഹെക്ടറില്‍ 25.89 ലക്ഷം ഹെക്ടര്‍ വിളയിറക്കിയിട്ടുള്ള പ്രദേശമാണ് (66.64 ശതമാനം). യഥാര്‍ത്ഥത്തില്‍ കൃഷി ചെയ്യുന്ന ഭൂമിയുടെ വിസ്തൃതി (20.26 ലക്ഷം ഹെക്ടര്‍) മൊത്തം ഭൂവിസ്തൃതിയുടെ 52.13 ശതമാനമാണ്. കാര്‍ഷികേതര ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന ഭൂമി 11.73 ശതമാനവും വനഭൂമി 27.83 ശതമാനവുമാണ്. കൃഷിക്കനുയോജ്യമായ പാഴ്ഭൂമി, തരിശുഭൂമി എന്നിവ യഥാക്രമം 2.57 ശതമാനവും, 1.48 ശതമാനവുമാണ്. മൊത്തം കൃഷി വിസ്തൃതിയും ഒന്നിൽ കൂടുതൽ പ്രാവശ്യം കൃഷിയിറക്കിയ സ്ഥലത്തിന്റെ വിസ്തൃതിയും യഥാക്രമം 0.73 ശതമാനവും 4.92 ശതമാനവും കൂടിയതായി കാണുന്നു. കൃഷിയുടെ തീവ്രതയും 126 ശതമാനത്തിൽ നിന്ന് 128 ശതമാനത്തിലേക്ക് വർദ്ധിച്ചതായി കാണുന്നു.
2019-20-ൽ, നെല്ലിന്റെ ഉൽപ്പാദനവും ഉത്പാദനക്ഷമതയും 2018-19 നെ അപേക്ഷിച്ച് യഥാക്രമം 1.52 ശതമാനവും 5.24 ശതമാനവും വർദ്ധിച്ചു. കഴിഞ്ഞ പത്തു വർഷത്തിനിടെ ഏറ്റവും ഉയർന്ന ഉൽപ്പാദന ശേഷി, ഹെക്ടറിന് 3073 കിലോ, 2019-20 ൽ രേഖപ്പെടുത്തി. കര നെൽ കൃഷിയുടെ വിസ്തൃതി 46 ശതമാനം വർദ്ധിച്ചു. 2019-20 ല്‍ സംസ്ഥാനത്തെ പച്ചക്കറി ഉല്പാദനം 14.9 ലക്ഷം ടണ്ണാണ്. പച്ചക്കറി ഉല്പാദനത്തില്‍ 2018-19 ല്‍ നിന്നും 23 ശതമാനം വര്‍ദ്ധനവാണുണ്ടായത്. സംസ്ഥാന കൃഷി വികസന, കർഷക ക്ഷേമ വകുപ്പ്, വെജിറ്റബിൾ ആന്റ് പ്രമോഷൻ കൗൺസിൽ, കേരള, സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ, തദ്ദേശ സ്വയംഭരണ വകുപ്പ്, കുടുംബശ്രീ എന്നീ സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ നടപ്പിലാക്കുന്ന പച്ചക്കറി വികസന പദ്ധതികളിലൂടെ ലഭിക്കുന്ന പിന്തുണയാണ് പച്ചക്കറി ഉത്പാദനവും വിസ്തൃതിയും വർദ്ധനവിന് കാരണം.
എല്ലാ മേഖലകളിലും പോലെ, കോവിഡ്-19 പകർച്ചവ്യാധി കൃഷിയെ പല വിധത്തിൽ ബാധിച്ചു - ആഗോള വ്യാപാരം നിലച്ചു, മിക്ക കാർഷിക വിളകളുടെയും ആഭ്യന്തര വില കുത്തനെ ഇടിഞ്ഞു, നിരവധി സംസ്കരണ യൂണിറ്റുകളുടെ പ്രവർത്തനത്തെ ബാധിക്കുന്നതരത്തിൽ അദ്ധ്വാനശക്തിയുടെ ക്ഷാമം ഉണ്ടായി. സർക്കാർ ഇടപെടൽ മൂലം പല വിഷമതകളുടെയും ആഘാതം കുറയ്ക്കാനായി. ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി നൂതന സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തിയും കൃഷിയുടെ വിസ്തൃതി വർദ്ധിപ്പിച്ചും ഭക്ഷ്യോൽപ്പാദനം വർദ്ധിപ്പിക്കുന്നതിന് ഊന്നൽ നൽകിക്കൊണ്ട് സർക്കാർ സുബിക്ഷ കേരളം പദ്ധതി പ്രഖ്യാപിച്ചു.
സമ്പദ് വ്യവസ്ഥ മാന്ദ്യത്തിലേക്ക് നീങ്ങുമ്പോൾ സാമ്പത്തിക സ്ഥാപനങ്ങളുടെ പങ്ക് നിർണായകമാണ്, കാരണം, കാര്യകർത്തകളുടെ ശേഷി നിലനിർത്താനും സാമ്പത്തിക വീണ്ടെടുപ്പ് സുഗമമാക്കാനും വായ്പ ആവശ്യമാണ്. സർക്കാരുകളുടെ ധനപരമായ പരിമിതികൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ സാമ്പത്തിക സ്ഥാപനങ്ങൾ വഴിയുള്ള ഇടപെടൽ സമ്പദ് വ്യവസ്ഥയ്ക്കു പിന്തുണ നൽക്കുന്ന നടപടികളുടെ ഭാഗമാണ് . 2016-17-ലെ 54,270 കോടി രൂപയിൽ നിന്ന് 2019-20 ൽ 73,034 കോടി രൂപയായി കാർഷിക വായ്പയുടെ ഒഴുക്ക് വർദ്ധിച്ചിട്ടുണ്ട്.
കേരള ബാങ്ക് രൂപീകരണത്തോടെ സംസ്ഥാനത്തെ സഹകരണ പ്രസ്ഥാനത്തിന് വലിയ മുന്നേറ്റമാണുണ്ടായത്. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരള ബാക്കിന്റെ കോർപ്പറേറ്റ് ബിസിനസ്, ലയസൺ ഓഫീസ് എറണാകുളത്താണ്. ഏഴോളം മേഖലാ ഓഫീസുകൾ, എല്ലാ ജില്ല ആസ്ഥാനത്തും ശാഖലളിലും ക്രെഡിറ്റ് പ്രോസസിങ് സെന്ററുകൾ (സിപിസി) എന്നിവയുമായി 769 ശാഖകളിലൂടെയാണ് കേരള ബാങ്ക് പ്രവർത്തിക്കുന്നത്. ഭവന നിർമ്മാണം, ആരോഗ്യ സംരക്ഷണം, സാമൂഹിക സുരക്ഷാ പെൻഷൻ, സാമ്പത്തിക സഹായം തുടങ്ങിയ വിവിധ തരം പിന്തുണ ജനങ്ങൾക്ക് നൽകുന്നത്തിലും സഹകരണവകുപ്പ് മുൻപന്തിയിലാണ്.
കഴിഞ്ഞ രണ്ട് കാലയളവിലെ കന്നുകാലി കണക്കെടുപ്പില്‍ കന്നുകാലികൾ കുറഞ്ഞു വരുന്ന പ്രവണത കാണിച്ചിരുന്നപ്പോള്‍ ഇരുപതാം കന്നുകാലി കണക്കെടുപ്പില്‍ കന്നുകാലികളുടെ എണ്ണത്തില്‍ ഒരു ശതമാനം വര്‍ദ്ധനവും ആടുകളുടെ എണ്ണത്തില്‍ 9 ശതമാനം വര്‍ദ്ധനവും കോഴികളുടെ എണ്ണത്തില്‍ 25 ശതമാനം വര്‍ദ്ധനവുമുള്ളതായും രേഖപ്പെടുത്തിയിരിക്കുന്നു. രാത്രികാല അടിയന്തിര മൃഗചികിത്സാ സേവനം ഈ മേഖലയിൽ ഒരു പ്രധാന മുന്നേറ്റമാണ്. 2019-20 ൽ പുതുതായി 20 ബ്ലോക്കുകളിൽ വ്യാപിപ്പിച്ചതു കൂടി കണക്കിലെടുത്താൽ ആകെ 125 ബ്ലോക്കുകളിലാണ് രാത്രികാല അടിയന്തിര മൃഗചികിത്സാ സേവനം നിലവിലുള്ളത്. 2021-22ൽ എല്ലാ ബ്ലോക്കുകളിലേക്കു വ്യാപിപ്പിക്കും.
കേരളത്തിലെ മത്സ്യ ഉൽപാദനം 2019-20 ല്‍ 6.8 ലക്ഷം മെട്രിക് ടണ്‍ ആയിരുന്നു. അതില്‍ സമുദ്ര മത്സ്യ ഉൽപാദനം 4.75 ലക്ഷം മെട്രിക് ടണ്ണും ഉള്‍നാടന്‍ മത്സ്യ ഉൽപാദനം 2.05 ലക്ഷം മെട്രിക് ടണ്ണും ആണ്. എന്നാൽ 2018-19 ൽ കാണപെട്ട വർദ്ധനവ് 2019-20 ൽ തുടർന്നില്ല. 2018-19 ൽ 8.02 ലക്ഷം മെട്രിക് ടണ്‍ ആയിരുന്നു മത്സ്യ ഉൽപാദനം. എന്നിരുന്നാലും മത്സ്യവിത്തുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്, അതിനാൽ 2019-20-ൽ കുളങ്ങളിൽ മത്സ്യകൃഷിക്കായി ഉപയോഗിക്കുന്ന പ്രദേശം 5325 ഹെക്ടറിൽ നിന്ന് 5700 ഹെക്ടറായി വർദ്ധിച്ചിട്ടുണ്ട്, കൂട്ടിൽ മത്സ്യകൃഷി യൂണിറ്റുകളുടെ എണ്ണം 80 ൽ നിന്ന് 1800 ആയി ഉയർന്നു, കടുക്കകൃഷി യൂണിറ്റുകൾ 2000 ൽ നിന്ന് 3500 ആയി വർദ്ധിച്ച, പുനർപര്യയന അക്വാകൾച്ചർ യൂണിറ്റുകൾ/അക്വാപോണിക്സ് യൂണിറ്റുകൾ എന്നിവ 100 ൽ നിന്ന് 500 ആയി വർദ്ധിച്ചു. ഒരു നെല്ല് ഒരു മത്സ്യ കൃഷിയുടെ വിസ്തൃതി 1620 ഹെക്ടറിൽ നിന്ന് 2500 ഹെക്ടറായും വർദ്ധിച്ചിട്ടുണ്ട്. സീറോ വാട്ടർ എക്സ്ചേഞ്ച് ചെമ്മീൻ കൃഷി 200 ഹെക്ടറിൽ നടപ്പിലായിട്ടുണ്ട്.
ജലസേചന വിസ്തൃതി (അറ്റ) 2018-19 ല്‍ 4.04 ലക്ഷം ഹെക്ടറില്‍ നിന്നും 2019-20 ല്‍ 4.09 ലക്ഷം ഹെക്ടറായി വര്‍ദ്ധിച്ചിട്ടുണ്ടു്. ജലസ്രോതസ്സുകളുടെ കാര്യത്തിൽ ഒരു സുപ്രധാന നാഴികക്കല്ല് 2020-ൽ മൂവാറ്റുപുഴ വാലി ജലസേചനപദ്ധതി കമ്മീഷൻ ചെയ്തു എന്നതാണ്.
സംസ്ഥാനത്ത് വനസംരക്ഷണവും വനവൽക്കരണ പ്രചാരണവും ഫലം കാണുന്നു. കഴിഞ്ഞ രണ്ട് മൂല്യനിർണയ കാലയളവിൽ സംസ്ഥാനത്തിന്റെ വനവിസ്തൃതി വർദ്ധിച്ചിട്ടുണ്ട്. അതുവഴി ഇന്ത്യ സ്റ്റേറ്റ് ഓഫ് ഫോറസ്റ്റ് റിപ്പോർട്ട് 2019 പ്രകാരം വനവിസ്തൃതി വർദ്ധനവ് കണക്കിൽ മൂന്നാം സ്ഥാനം സംസ്ഥാനം നേടി. റിപ്പോർട്ട് പ്രകാരം തോട്ടങ്ങള്‍ ഉള്‍പ്പെടെയുള്ള വനമേഖലയുടെ വിസ്തൃതി 21,144 ച.കി.മീ ആണ്. സംസ്ഥാനത്തിന്റെ മൊത്തം ഭൂവിസ്തൃതിയുടെ 54.42 ശതമാനമാണിത്. 2017 എഫ്.എസ്.ഐ റിപ്പോര്‍ട്ടില്‍ നിന്നും സംസ്ഥാനത്തെ വനവിസ്തൃതി 823 ച.കി.മീ വര്‍ദ്ധിച്ചിട്ടുണ്ടു്.
പരിസ്ഥിതി സംരക്ഷണവും പരിപാലനവും സംസ്ഥാനത്തെ എല്ലാ വികസന പ്രവർത്തനങ്ങളുടെയും ഒരു പ്രമുഖ പരിഗണനയായിരുന്നു. ഹരിത കേരളം മിഷൻ ജലസംരക്ഷണവും മാലിന്യ നിർമാർജ്ജനവും കേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾ നടത്തി. പ്രാദേശിക ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനായി ഹരിത കേരളം മിഷ൯ 1000 പച്ചത്തുരുത്ത് എന്ന നൂതന പദ്ധതി 2019-ൽ ആരംഭിച്ചു. സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ 1261 ഹരിത ഷൂട്ടുകൾ മിഷൻ ഇതിനകം പൂർത്തിയാക്കി.
വിപുലമായ പൊതുവിതരണ ശൃംഖലയിലൂടെ ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്താൻ സർക്കാർ പ്രത്യേക ശ്രമങ്ങൾ നടത്തി, പ്രത്യേകിച്ചും കോവിഡ്-19 പകർച്ചവ്യാധി പ്രതിസന്ധി ഘട്ടത്തിൽ. ദേശീയ ഭക്ഷ്യസുരക്ഷാ നിയമം 2013 പ്രകാരം മുഴുവൻ റേഷൻ കാർഡ് ഡാറ്റയും ഡിജിറ്റലൈസ് ചെയ്യുകയും ഗുണഭോകതാക്കളെ ആധാറുമായി ബന്ധിപ്പിക്കുകയും ചെയ്യുന്ന പ്രക്രിയ പൂർത്തിയായി വരുന്നു. 'ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി’ നടപ്പിലാക്കുന്നതിന്റെ ഭാഗമായി റേഷൻ കാർഡിന്റെ ഇന്റർ സ്റ്റേറ്റ് പോർട്ടബിലിറ്റി സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ആകെ റേഷൻ കാർഡ് ഉടമകളുടെ എണ്ണം 2019-20-ലെ 87.1 ലക്ഷത്തിൽ നിന്ന് 2020 ഓഗസ്റ്റ് വരെയുള്ള കണക്കു പ്രകാരം 2020-21ൽ 87.9 ലക്ഷമായി ഉയർന്നു. 2019-20 വർഷത്തിൽ വിവിധ കാർഡ് ഉടമകൾക്ക് സബ്സിഡിയായി 200.0 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. കോവിഡ്-19 പകർച്ചവ്യാധിയുടെ പശ്ചാതലത്തിൽ ഒന്നിന് 972 രൂപ വില വരുന്ന 17 ഇന അവശ്യ സാധനങ്ങൾ ഉൾപ്പെടുത്തിയ 'അതിജീവന കിറ്റ്' സംസ്ഥാനത്തെ 87.9 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്തു. കൂടാതെ എല്ലാ വിഭാഗത്തിലുമുള്ള കുടുംബങ്ങൾക്കും 300 കോടി രൂപയുടെ സൗജന്യ റേഷൻ വിതരണം ചെയ്തു. കുടിയേറ്റ/ അതിഥി തൊഴിലാളികൾക്ക് സൗജന്യമായി ഒരാൾക്ക് 5 കിലോ അരി അല്ലെങ്കിൽ 4 കിലോഗ്രാം ആട്ട എന്ന രീതിയിൽ വിതരണം ചെയ്തിട്ടുണ്ട്.
മൂല്യത്തിന്റെ അടിസ്ഥാനത്തിൽ കണക്കാക്കിയാൽ കേരളത്തിന്റെ ഉൽപന്ന നിർമാണ മേഖല സ്ഥിരതയാർന്ന വളർച്ച കാഴ്ച്ചവെച്ചിട്ടുണ്ട്, പ്രത്യേകിച്ച് കഴിഞ്ഞ നാലു വർഷത്തിനിടെ. കേരളത്തിന്റെ മൊത്തം സംസ്ഥാന മൂല്യവർദ്ധനവിലെ ഉല്‍പാദന മേഖലയുടെ വിഹിതം
2014-15-ലെ 9.8 ശതമാനത്തിൽ നിന്ന് 2019-20 ൽ 12.5 ശതമാനമായി ഉയർന്നു. സാമ്പത്തിക സ്ഥിതി വിവരകണക്ക് വകുപ്പിന്റെ 2019-20-ലെ കേരളത്തിന്റെ മൊത്തം സംസ്ഥാന മൂല്യവർദ്ധിത (ജിഎസ് വിഎ) യുടെ ദ്രുത കണക്ക് അനുസരിച്ച് സ്ഥിര വിലയിൽ കേരളത്തിന്റെ ഉല്‍പാദന മേഖല 1.5 ശതമാനം വളർച്ച നേടി. 2019-20 ല്‍ സ്ഥിരവും നിലവിലേതുമായ വിലയിൽ ഉൽപാദന മേഖലയുടെ ഓഹരികൾ യഥാക്രമം 12.5 ശതമാനവും 10.1 ശതമാനവുമായിരുന്നു.
സൂക്ഷ്മ ചെറുകിട ഇടത്തരം യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനുമുള്ള വ്യവസായ വകുപ്പിന്റെ ‘ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ്’ പരിഷ്ക്കാരത്തിന്റെ ഭാഗമായ ഒരു പ്രധാന സംരംഭമാണ് കേരള സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭം സുഗമമാക്കല്‍ നിയമം 2019. 2019-20 കാലയളവിൽ 13,695 കേരള സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ 1,338.65 കോടി മുതൽ മുടക്കിൽ ആരംഭിച്ച് 46,081 തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. സൂക്ഷ്മ ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ദേശീയ, അന്തർദേശീയ വിപണികളില്‍ വ്യാപാരം വ്യാപിപ്പിക്കുന്നതിന് സഹായിക്കുന്നതിനും സുഗമമാക്കുന്നതിനും കേരള ഇ-മാർട്ട് എന്ന ബിസിനസ് പോർട്ടൽ ആരംഭിച്ചത് ഒരു പ്രധാന മുന്നേറ്റമാണ്.
പകർച്ചവ്യാധിയും അതിന്റെ ഫലമായുള്ള അടച്ചിടലും കേരള സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയെ പ്രതികൂലമായി ബാധിച്ചു. ഈ മേഖലയെ ഡിമാൻഡ്, സപ്ലൈ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ബാധിച്ചു. 2019-ലെ സമാന മാസങ്ങളെ അപേക്ഷിച്ച് 2020-ലെ ആദ്യ എട്ടു മാസങ്ങളിൽ എടുത്ത കണക്കുകൾ പ്രകാരം, ആരംഭിച്ച യൂണിറ്റുകളുടെ എണ്ണം, നിക്ഷേപം, തൊഴിൽ എന്നിവയുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. പകർച്ചവ്യാധിയുടെ ആഘാതം ലഘൂകരിക്കാൻ, സർക്കാർ സംസ്ഥാനത്ത് കേരള സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള പുനരുജ്ജീവിപ്പിക്കാൻ വ്യവസായഭദ്രത പദ്ധതി അവതരിപ്പിച്ചു.
വലിയ മാറ്റം കണ്ട മേഖലയാണ് കയർ മേഖല. 2015-16 മുതൽ കേരള സ്റ്റേറ്റ് കയർ കോർപ്പറേഷൻ, ഫോം മാറ്റിംഗ്സ് (ഇന്ത്യ) ലിമിറ്റഡ് എന്നിവയിൽ നിന്നുള്ള കയറ്റുമതി തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 2016-17ൽ 1,072.55 ലക്ഷം രൂപയിൽ നിന്ന് 2019-20ൽ ഇത് 1,425.86 ലക്ഷമായി ഉയർന്നു. പുതിയ ഡിഫൈബറിംഗ് യൂണിറ്റുകളുടെ പ്രവർത്തനത്തിലൂടെ സംസ്ഥാനത്തെ തൊണ്ട് ഉപയോഗം 12.5 ശതമാനത്തിൽ നിന്ന്
14.8 ശതമാനമായി ഉയർന്നു. 2019-20 ൽ, സഹകരണ മേഖലയിലെ കയർ നൂൽ ഉൽപാദനം 2015-16 ൽ ഏകദേശം 7,800 മെട്രിക് ടണ്ണിൽ നിന്ന് 20,000 മെട്രിക് ടണ്ണായി ഉയർന്നു.
സംസ്ഥാനത്ത് ഒരു സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥ സൃഷ്ടിക്കുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും കേരളം വിജയിച്ചിരിക്കുന്നു. നിലവിൽ സ്റ്റാർട്ടപ്പുകളിൽ 1,292 സജീവ സ്റ്റാർട്ടപ്പുകളുമായി കേരളം ഒമ്പതാം സ്ഥാനത്താണ്. സ്റ്റാർട്ടപ്പുകളെക്കുറിച്ചുള്ള നാസ്കോം റിപ്പോർട്ട് അനുസരിച്ച്, ഗുജറാത്ത് മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ കർണാടകയും കേരളവും മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചു. കേരള സ്റ്റാർട്ട് അപ്പ് മിഷന്റെയും അതിന്റെ നിരവധി പ്രത്യേക പങ്കാളി ഓർഗനൈസേഷനുകളുടെയും ബാനറിൽ, നിലവിൽ 4 ലക്ഷം ചതുരശ്ര അടിയിലധികം ഇൻകുബേഷൻ സ്ഥലത്ത് 2,500-ൽ അധികം രജിസ്റ്റർ ചെയ്ത സ്റ്റാർട്ടപ്പുകൾ വഴി 1,500 കോടി ബാഹ്യ നിക്ഷേപവും 1,00,000 കോടി രൂപയുെs മൂല്യം സൃഷ്ടിക്കലും 25,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കലും ഉണ്ടായിട്ടുണ്ട്.
സംസ്ഥാനത്തിനകത്ത് ശാസ്ത്ര സാങ്കേതികയിൽ മികവ് നേടിയെടുക്കുന്നതിനും സമൂഹത്തിനാകമാനം ബൃഹത്തായ സേവനങ്ങൾ പ്രദാനം ചെയ്യുന്നതിനും വേണ്ടിയുള്ള പരിപാടികൾ കണ്ടെത്തി നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെ ശാസ്ത്ര പ്രചരണവും പ്രോത്സാഹനവും ഗവേഷണവും വികസനവും ആവാസ വ്യവസ്ഥയും പരിസ്ഥിതിയും സാങ്കേതിക വികസനവും കൈമാറ്റവും ജൈവ സാങ്കേതിക വികസനം, സ്കൂൾ തല ശാസ്ത്ര പ്രോത്സാഹന പ്രവർത്തനങ്ങൾ, വനിതകൾക്കായുള്ള ശാസ്ത്ര പരിപാടികൾ എന്നിവ കേന്ദ്രീകരിച്ചു കൊണ്ട് വിവിധ പദ്ധതികളും പരിപാടികളും കൗൺസിൽ നടപ്പിലാക്കി വരുന്നു. 2020 ഒക്ടോബറിൽ വിർച്യുൽ ആയി ഉദ്ഘാടനം നിർവഹിക്കപ്പെട്ട ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി 29 രാജ്യങ്ങളിലായി 45 മികവിന്റെ കേന്ദ്രങ്ങൾ ഉള്ള ഗ്ലോബൽ വൈറസ് നെറ്റ്വർക്കുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്നു.
2018-ലെ വെള്ളപ്പൊക്കം മൂലമുണ്ടായ പ്രത്യാഘാതത്തിൽ നിന്നും ശക്തമായ തിരിച്ചു വരവ് കേരളത്തിലെ വിനോദ സഞ്ചാര മേഖലക്ക് 2019 ൽ ഉണ്ടായി. 2018 നേക്കാൾ വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ 8.52 ശതമാനവും ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ 17.81 ശതമാനവും വളർച്ച സംസ്ഥാനത്തു 2019 ൽ രേഖപ്പെടുത്തുകയുണ്ടായി. 2019 ൽ വിദേശ വിനോദ സഞ്ചാരത്തിൽ നിന്നും വിനോദ സഞ്ചാര മേഖലക്ക് 10,271.06 കോടി രൂപയും ആഭ്യന്തര വിനോദ സഞ്ചരത്തിൽ നിന്ന് 24,785.62 കോടി രൂപയുടെ വരുമാനവും ലഭിച്ചു. 2018 നെ അപേക്ഷിച്ചു 24.13 ശതമാനം വർദ്ധനവ് രേഖപ്പെടുത്തികൊണ്ട് 2019ൽ വിനോദ സഞ്ചാര മേഖലക്ക് 45,010 കോടി രൂപയുടെ പ്രത്യക്ഷ, പരോക്ഷ നേട്ടം ഉണ്ടായി. കോവിഡ് -19 കാരണം വലിയ നഷ്ടം നേരിട്ടു കൊണ്ടിരിക്കുന്ന ഒരു മേഖലയാണ് വിനോദ സഞ്ചാര മേഖല. 2020-ലെ കഴിഞ്ഞ ഒൻപതു മാസത്തിനിടക്ക് വിനോദ സഞ്ചാര മേഖലക്ക് സംഭവിച്ച നഷ്ടം എന്ന് പറയുന്നത് 20,000 കോടി രൂപ മുതൽ 25,000 കോടി രൂപ വരെയാണ്. കോവിഡ് -19 ന്റെ പശ്ചാത്തലത്തിൽ വിനോദ സഞ്ചാര മേഖലയുടെ പുനരുദ്ധാരണത്തിനായി സ്റ്റേക്ക് ഹോൾഡറുമാരെ പിന്തുണക്കുന്നതിനായി സംസ്ഥാന സർക്കാർ കോവിഡ് ലോസ് അസ്സസ്സ്മെന്റ് സ്കീം പ്രഖ്യാപിച്ചിട്ടുണ്ട്.
കേന്ദ്ര സർക്കാരിന് കീഴെയുള്ള നീതി ആയോഗ് ആദ്യമായി ഇന്ത്യൻ സംസ്ഥാനങ്ങളുടെ കയറ്റുമതി തയ്യാറെടുപ്പ് സൂചിക (EPI) വികസിപ്പിച്ചിട്ടുണ്ട്. രാജ്യത്തിന്റെ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിന് ആവശ്യമായ നിർണായക മാനദണ്ഡങ്ങൾ അനുസരിച്ച് സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും സൂചിക റാങ്ക് ചെയ്യുന്നു. കയറ്റുമതി തയ്യാറെടുപ്പ് സൂചിക 2020 ഇന്ത്യൻ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും കയറ്റുമതി ആവാസവ്യവസ്ഥ പരിശോധിക്കുന്നു. സൂചികയിൽ നാല് തൂണുകളും പതിനൊന്ന് ഉപതൂണുകളും ഉൾപ്പെടുന്നു. ഈ സൂചികയിൽ ഉൾപ്പെടുന്ന നാല് തൂണുകൾ (i) നയം,
(ii) സംരംഭ ആവാസവ്യവസ്ഥ, (iii) കയറ്റുമതി ആവാസവ്യവസ്ഥ ( iv) കയറ്റുമതി പ്രകടനം. സൂചിക അനുസരിച്ച് 54.11 എന്ന സ്കോറുമായി കേരളം മൊത്തം റാങ്കിംഗിൽ പത്താം സ്ഥാനത്താണ്. എന്നാൽ, സൂചിക പ്രകാരം കയറ്റുമതി ആവാസവ്യവസ്ഥ സംസ്ഥാനത്ത് ദുർബലമാണ്.
സംസ്ഥാനത്തെ വിദ്യാഭ്യാസ, ആരോഗ്യ മേഖലകൾ കഴിഞ്ഞ നാലു വർഷം വലിയ മാറ്റങ്ങൾ രേഖപ്പെടുത്തി. സ്കൂൾ അടിസ്ഥാന സൗകര്യങ്ങൾ നവീകരിച്ചു. 141 ഹയര്‍ സെക്കണ്ടറി സ്കൂളുകളെ 5 കോടി രൂപ വീതമുള്ള കിഫ്ബി ഫണ്ട് ഉപയോഗിച്ച് “മികവിന്റെ കേന്ദ്രങ്ങളാക്കി “. 395 സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ കിഫ്ബി ഫണ്ട് (സ്കൂളിന് 3 കോടി രൂപ വീതം) വിനിയോഗിച്ച് മികച്ച നിലവാരത്തിലേക്ക് ഉയര്‍ത്തി. കൈറ്റിന്റെ ഹൈടെക് സ്കൂള്‍ പദ്ധതി നടപ്പിലാക്കുന്നതിലുടെ സംസ്ഥാനത്തെ 4,752 സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ 45,000 ക്ലാസ്മുറികള്‍ ഹൈടെക് ആക്കി മാറ്റാന്‍ സാധിച്ചു. കോവിഡ്-19 പകർച്ചവ്യാധിയുടെ സമയത്ത് ക്ലാസുകൾ ഡിജിറ്റൽ രീതിയിൽ സുഗമമായി നടത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിൽ കൈറ്റ് നടത്തിയ ശ്രമം മാതൃകാപരമാണ്.
കേരളത്തിന്റെ ആരോഗ്യമേഖല മറ്റ് സംസ്ഥാനങ്ങൾക്ക് ഒരു മാതൃകയാണ്, ഇത് ഈ മേഖലയിലെ നേട്ടങ്ങളുടെ കാര്യത്തിൽ മാത്രമല്ല, പൊതുജനാരോഗ്യ ആവശ്യകതകള്‍ കൈകാര്യം ചെയ്യുന്നതിലുള്ള മികവുകൊണ്ട് കൂടിയാണ്. 2017 ൽ നിപ വൈറസ് ബാധയും നിലവിലെ കോവിഡ് -19 മഹാമാരിയും കൈകാര്യം ചെയ്യുന്നതിൽ ആരോഗ്യസംവിധാനം അവസരത്തിനൊത്ത് ഉയർന്നു. ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യം, ശിശുമരണ നിരക്ക്, ജനനനിരക്ക്, മരണനിരക്ക് എന്നീ ആരോഗ്യ സൂചികകളില്‍ കേരളം ഗണ്യമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടെന്നത് പ്രസിദ്ധമാണ്. വാസ്തവത്തിൽ, കോവിഡ് -19 എന്ന മഹാമാരിയെ നേരിടാൻ സഹായിച്ചത് സംസ്ഥാനത്തെ ശക്തമായ പൊതുജനാരോഗ്യ സംവിധാനമാണ്. ആർദ്രം മിഷൻ സംസ്ഥാനത്തെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളിൽ പരിവർത്തനം കൊണ്ടുവന്നു. 2020 ജൂലൈയിൽ സംസ്ഥാന ആരോഗ്യ ഏജൻസി രൂപീകരിച്ചു എന്നതാണ് ആരോഗ്യ ഇൻഷുറൻസ് മേഖലയിൽ സർക്കാർ എടുത്ത സുപ്രധാന ചുവടുവയ്പ്പാണ്. 2020 ജൂലൈ 1 മുതൽ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്) 5 ലക്ഷം രൂപയുടെ കവറേജ് നൽകുന്ന അഷ്വറൻസ് രീതിയിലാണ് നടപ്പാക്കുന്നത്. രാഷ്ട്രീയസ്വാസ്ത്യ ബിമ യോജന (ആർ.എസ്.ബി.വൈ), സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി (ചിസ്), സീനിയർ സിറ്റിസൺ ഹെൽത്ത് ഇൻഷുറൻസ് സ്കീം (എസ്.ചിസ്) എന്നീ സർക്കാർ സ്പോൺസർ ചെയ്യുന്ന എല്ലാ ആരോഗ്യ ഇൻഷുറൻസ് പദ്ധതികളും കാസ്പിൽ ലയിപ്പിച്ചു. മൊത്തം 41.41 ലക്ഷം കുടുംബങ്ങൾക്ക് കാസ്പ് പദ്ധതിയില്‍ പരിരക്ഷ ലഭിക്കുന്നു.
ജനങ്ങളുടെ ക്ഷേമത്തിനായി നടത്തുന്ന നിക്ഷേപങ്ങൾക്ക് കേരളം പ്രസിദ്ധമാണ്. ഇക്കാര്യത്തിൽ പ്രധാന ഇടപെടലുകളിൽ ഒന്നാണ് പെൻഷൻ രംഗത്ത് നടത്തുന്നവ. സംസ്ഥാനത്തെ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍കാരുടെ എണ്ണം 49.14 ലക്ഷമാണ്. 2015 ല്‍ 600 രൂപയായിരുന്ന വാര്‍ദ്ധക്യകാല പെന്‍ഷന്‍ 2020 ആയപ്പോഴേക്കും 1400 രൂപയായി വര്‍ദ്ധിച്ചിട്ടുണ്ട്. പ്രായമായവർക്കും, ഭിന്നശേഷിക്കാർക്കും, ഭിന്നലിംഗക്കാർക്കുമായി സർക്കാർ സവിശേഷമായ പരിശ്രമങ്ങൾ നടത്തുന്നുണ്ട്.
ജെൻഡർ ബജറ്റിംഗ് കേരളത്തിന്റെ ബജറ്റിലെ പ്രധാന സവിശേഷതയായി തുടരുന്നു.
2020-21 ൽ 1,509.33 കോടി രൂപ (7.3 ശതമാനം) വനിതാ നിർദ്ദിഷ്ട പദ്ധതികൾക്കായി (ഭാഗം എ) വകയിരുത്തിയിട്ടുണ്ട് അതുപോലെ തന്നെ കോമ്പോസിറ്റ് സ്കീമുകൾക്കായി 2,300.54 കോടി രൂപ (11.1 ശതമാനം) ഭാഗം ബി യിൽ സ്ത്രീകൾക്കായി ലഭ്യമാക്കിയിട്ടുണ്ട്. 2020-21-ലെ ജെൻഡർ ബജറ്റ് ആകെ 3,809.87 കോടി രൂപയാണ് (ഇതിൽ 5 കോടി രൂപ ഭിന്നലിംഗവിഭാഗങ്ങൾക്കായി നീക്കിവച്ചിരിക്കുന്നു) ഇതു മൊത്തം സംസ്ഥാന പദ്ധതിയുടെ 18.4 ശതമാനം ആണ്. ലിംഗ സമത്വോന്മുഖവും ശാക്തീകരണോന്മുഖവുമാണ് സർക്കാർ നയങ്ങൾ. സ്വകാര്യ, പൊതു ഇടങ്ങളിൽ, കുടുംബത്തിലും സമൂഹത്തിലും തൊഴിലിടങ്ങളിലും അക്രമങ്ങൾക്ക് വിധേയരായ സ്ത്രീകളെ പിന്തുണയ്ക്കുന്നതിന്, വൺ സ്റ്റോപ്പ് സെന്ററുകൾ (OSC) സംസ്ഥാനത്ത് പ്രവർത്തിക്കുന്നു. എല്ലാ ജില്ലകളിലും വൺ സ്റ്റോപ്പ് സെന്ററുകളുള്ള ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കേരളം.
കേരളം തൊഴിലാളി സൗഹൃദ നയങ്ങളുടെ പേരിലാണ് അറിയപ്പെടുന്നത്. പകർച്ചവ്യാധിയുടെ സമയത്ത് അതിഥി തൊഴിലാളികൾക്ക് നൽകിയ പിന്തുണ ശ്രദ്ധേയമാണ്. അതിഥി തൊഴിലാളികൾക്ക് ഭക്ഷണവും താമസവും നൽകി. അവരുടെ പരാതികൾ പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു.
2017-18-ലെ സർവേ ഫലങ്ങളിൽ റിപ്പോർട്ട് ചെയ്ത കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ, 2018-19-ലെ പീരിയോഡിക് ലേബർ ഫോഴ്സ് സർവേ റിപ്പോർട്ട് (പിഎൽഎഫ്എസ്) പ്രകാരം ലേബർ ഫോഴ്സ് പാർട്ടിസിപ്പെഷൻ നിരക്ക് കേരളത്തിൽ മെച്ചപ്പെട്ടിട്ടുണ്ട്. 2017-18 ൽ 36.6 ശതമാനമായിരുന്ന ലേബർ ഫോഴ്സ് പാർട്ടിസിപ്പെഷൻ നിരക്ക് 2018-19 ൽ 39.5 ശതമാനമായി വർദ്ധിച്ചിട്ടുണ്ട്. പുതിയ സർവേ ഫലങ്ങളിലെ ശ്രദ്ധേയമായ ഒരു സവിശേഷത കേരളത്തിൽ സ്ത്രീ തൊഴിൽ പങ്കാളിത്ത നിരക്ക് 2017-18-ലെ 16.4 ശതമാനത്തിൽ നിന്ന്
2018-19 ൽ 20.4 ശതമാനമായി ഗണ്യമായി വർദ്ധിച്ചു എന്നതാണ്.
2018-19-ലെ പീരിയോഡിക് ലേബർ ഫോഴ്സ് സർവേ റിപ്പോർട്ട് (പിഎൽഎഫ്എസ്) പ്രകാരം കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് 2017-18-ലെ 11.4 ശതമാനത്തിൽ നിന്ന് 2018-19 -ൽ 9 ശതമാനമായി കുറഞ്ഞിട്ടുണ്ട്. പുരുഷന്മാരുമായി (5 ശതമാനം) താരതമ്യപ്പെടുത്തുമ്പോൾ കേരളത്തിൽ തൊഴിലില്ലായ്മാ നിരക്ക് സ്ത്രീകളിൽ (17.1 ശതമാനം) വളരെ കൂടുതലാണ്. ഗ്രാമീണ മേഖലയിൽ തൊഴിലില്ലായ്മ നിരക്ക് പുരുഷന്മാരിൽ 4.7 ശതമാനവും സ്ത്രീകളിൽ 15.6 ശതമാനവുമാണ്, നഗരപ്രദേശങ്ങളിൽ തൊഴിലില്ലായ്മ നിരക്ക് പുരുഷന്മാരിൽ 5.2 ശതമാനവും സ്ത്രീകളിൽ 18.8 ശതമാനവും ആണ്.
നൈപുണ്യ വികസനം സർക്കാരിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണ്. വ്യവസായ പരിശീലന സ്ഥാപനങ്ങളുടെ (ഐടിഐ) നവീകരണമാണ് ഊന്നൽ നൽക്കിയ ഒരു പ്രധാന മേഖല. കിഫ്ബി ഫണ്ടുകൾ ഉപയോഗിച്ച് പത്ത് ഐടിഐകൾ നവീകരികപ്പെടുകയാണ്. ഐടിഐ ട്രയിനികൾക്ക് സർക്കാർ സാങ്കേതിക വിനിമയ പരിപാടി നടത്തുന്നു. 2018-ലെ വെള്ളപ്പൊക്കത്തെ തുടർന്ന് താൽക്കാലികമായി ആരംഭിച്ച നൈപുണ്യ കർമസേന ഇപ്പോൾ സർക്കാരിന്റെ സ്ഥിരം ഭാഗമായി മാറി.
സംസ്ഥാനത്ത് കായികം പ്രോത്സാഹിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. സ്പോർട്സ് ലൈഫ് ഫിറ്റ്നസ് സെന്ററുകൾ സംസ്ഥാനത്ത് ഒൻപത് സ്ഥലങ്ങളിൽ പ്രവർത്തിക്കുന്നു. ഖേലോ ഇന്ത്യ സ്കീമിന് കീഴിൽ ഖേലോ ഇന്ത്യ സ്റ്റേറ്റ് സെന്റർ ഓഫ് എക്സലൻസായി (കെ.ഐ.എസ്.ഇ.) ഉയർത്താൻ തിരുവനന്തപുരം ജി.വി.രാജ സീനിയർ സെക്കൻഡറി സ്പോർട്സ് സ്കൂൾ കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം തിരഞ്ഞെടുത്തിരിക്കുന്നു. ഒളിംപിക്സിൽ ഇന്ത്യയുടെ മികവ് ശക്തിപ്പെടുത്താൻ വേണ്ടിയാണ് കെ.ഐ.എസ്.ഇ. സ്ഥാപിക്കുന്നത്.
സംസ്ഥാനത്തിന്റെ വികസനത്തിൽ പ്രവാസി കേരളീയർ പ്രധാന പങ്ക് വഹിക്കുന്നു. എന്നിരുന്നാലും, പ്രവസികൾ തിരിച്ചു വരുന്ന പ്രവണത കഴിഞ്ഞ ഏതാനും വർഷങ്ങളായി വർദ്ധിച്ചു വരികയാണ്. കേരള മൈഗ്രേഷൻ സർവേ 2018 കണക്കാക്കിയ തിരുച്ചു വന്ന പ്രവാസികളുടെ എണ്ണം 12.95 ലക്ഷമാണ്, ആകെയുള്ള പ്രവാസികളുടെ ഏകദേശം 60 ശതമാനം. കോവിഡ്-19 പകർച്ചവ്യാധി മൂലമുണ്ടാകുന്ന പ്രതിസന്ധി ഇത് വർദ്ധിപ്പിച്ചിട്ടുണ്ട്. പ്രവാസി കേരളീയരെ സമൂഹത്തിൽ ഇണചേർക്കുന്നതിനും പകർച്ചവ്യാധികൾ ബാധിച്ചവർക്ക് സഹായം നൽകുന്നതിനും സർക്കാർ പുതിയ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്.
അടിസ്ഥാന സൗകര്യ വികസനത്തിന് സംസ്ഥാനം മുൻഗണന നൽകി. റോഡ് നിർമ്മാണത്തിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ട്. കൊല്ലം ബൈപ്പാസിന്റെ ജോലികൾ പൂർത്തിയാക്കി ഉദ്ഘാടനം ചെയ്തു. ആലപ്പുഴ ബൈപ്പാസ് പണി ഉടൻ പൂർത്തിയാക്കും എന്ന് പ്രതീക്ഷിക്കുന്നു. മലയോര ഹൈവേ, തീരദേശ ഹൈവേ എന്നിവയുടെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. രൂപകൽപ്പനയിലും നിർമ്മാണ സമ്പ്രദായങ്ങളിലും നവീനത, റോഡ് ആസ്തി, റോഡ് സുരക്ഷാ, ഗുണമേന്മ ഉറപ്പുവരുത്തൽ, കരാർ എന്നിവ കൈകാര്യ ചെയ്യൽ, തദ്ദേശീയ ഗവേഷണ വികസനം എന്നീ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കേരള ഹൈവേ റിസെർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഒരു സെന്റർ ഓഫ് എക്സലൻസ് ആയി ഉയർത്തപ്പെടുകയാണ്. നിർവ്വഹണ പ്രവർത്തനങ്ങൾക്ക് വൈദ്യുതി വാഹനങ്ങൾ ഉപയോഗിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറുകയാണ്. മോട്ടോർ വാഹന റൂൾസ് നടപ്പിലാക്കുന്നതിനും റോഡ് അച്ചടക്കം ഉറപ്പാക്കുന്നതിനും സേഫ് കേരള പദ്ധതിയുടെ 65 എൻഫോഴൻസ് സ്ക്വാഡുകൾക്കായി 'പ്ലഗ്-ഇൻ ഇലക്ട്രിക് വാഹനങ്ങൾക്ക്' മോട്ടോർ വാഹന വകുപ്പ് (എംവിഡി) ഓർഡർ നൽക്കിയിട്ടുണ്ട്. ഇലക്ട്രിക് ഓട്ടോകൾക്ക് സി.എം.വി.ആർ സർട്ടിഫിക്കേഷൻ ലഭിച്ച ഏക പൊതുമേഖല സ്ഥാപനമാണ് കെ.എ.എൽ. കെ.എ.എൽ അതിന്റെ ഉൽപ്പാദന ശേഷി പ്രതിവർഷം 7,200 യൂണിറ്റിൽ നിന്ന് 15,000 യൂണിറ്റായി ഉയർത്തി.
റീബിൽഡ് കേരള ഇനിഷ്യേറ്റീവ് (ആർ.കെ.ഐ) പ്രവർത്തനം ആരംഭിച്ചു. റോഡുകളും പാലങ്ങളും, ശുചിത്വ, ജലവിതരണം, ഉപജീവനം, വനം, കൃഷി, മത്സ്യബന്ധനം, മൃഗസംരക്ഷണം എന്നിവയാണ് ആർ.കെ.ഐ യുടെ കീഴിൽ ഏറ്റെടുത്ത മേഖലകൾ. 2020 ഒക്ടോബറിലെ കണക്ക് പ്രകാരം 7,000 കോടി രൂപയുടെ പദ്ധതികൾക്ക് അനുമതി നൽകിയിട്ടുണ്ട്. അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് ഉണർവ് നൽകി. 2020 മാർച്ച് 31-ലെ കണക്ക് പ്രകാരം കിഫ്ബി അംഗീകരിച്ച പദ്ധതികളുടെ ആകെ ചെലവ് 54,391 കോടി രൂപയാണ്. അംഗീകരിച്ച 679 പദ്ധതികളിൽ 675 പദ്ധതികൾ അടിസ്ഥാന സൗകര്യവുമായി ബന്ധപ്പെട്ടതാണ്, 4 പദ്ധതികൾ വ്യാവസായിക അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ടതാണ്. 2019-20-ൽ 3,502 കോടി രൂപ വിവിധ പദ്ധതികൾക്കായി വിതരണം ചെയ്തു. 2020 മാർച്ച് 31 വരെ 5,014 കോടി രൂപയാണ് വിതരണം ചെയ്തത്.
എല്ലാവർക്കും പാർപ്പിടം നൽകുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. ഈ ലക്ഷ്യത്തോടെ സംസ്ഥാത്ത് പാർപ്പിട പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഊന്നൽ നൽകി ലൈഫ് മിഷൻ എന്ന പദ്ധതി സർക്കാർ ആരംഭിച്ചു. 2020 ഡിസംബർ 1-ലെ കണക്കുകൾ പ്രകാരം 2,43,522 വീടുകൾ മിഷൻ പൂർത്തിയാക്കി.
പ്രാദേശിക സർക്കാരുകൾ സംസ്ഥാനത്ത് പ്രധാനപ്പെട്ടതും ശക്തവുമായ ഭരണസ്ഥാപനങ്ങളായി മാറിയിരിക്കുന്നു. മൊത്തത്തിലുള്ള ആസൂത്രണത്തിലും നടപ്പാക്കലിലും കാര്യമായ പുരോഗതികൾ ഉണ്ടായിട്ടുണ്ട്. പ്രകൃതി ക്ഷോഭത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും ആഘാതം ലഘൂകരിക്കാനും ദുരന്ത തയ്യാറെടുപ്പ് മെച്ചപ്പെടുത്താനും രാജ്യത്ത് ആദ്യമായി കേരളത്തിലെ പ്രാദേശിക സർക്കാരുകൾ 2020 ജനുവരി-മാർച്ച് കാലഘട്ടത്തിൽ ദുരന്തനിവാരണ പദ്ധതി തയ്യാറാക്കി. പ്രാദേശിക സർക്കാരുകൾ ഒരു വികേന്ദ്രീകരണ റൗണ്ട് സർവേ നടത്തി, ഇത് കേരളത്തിലെ പ്രാദേശിക തലത്തിൽ ആസൂത്രണത്തിന് പിന്തുണ നൽകുന്ന ഒരു ഡാറ്റ ശേഖരണ വിതരണ സംവിധാനവുമാണ്. പ്രാദേശിക സർക്കാർ പൗരർക്ക് നൽകുന്ന വിവിധ സേവനങ്ങളിൽ കൂടുതൽ സുതാര്യം, ഉത്തരവാദിത്വം, കൃത്യത, സമയനിഷ്ഠ, സാങ്കേതിക മേൽനോട്ടവും എന്നിവ ഉറപ്പാക്കുന്നതിന് സംയോജിത പ്രാദേശിക ഗവേണൻസ് മാനേജ്മെന്റ് സിസ്റ്റം (ഐഎൽജിഎംഎസ്) 2020 ഒക്ടോബറിൽ 150 ഗ്രാമ പഞ്ചായത്തുകളിൽ വിന്യസിക്കപ്പെട്ടിട്ടുണ്ട്. പ്രാദേശിക സർക്കാരുകൾ കോവിഡ്-19 പകർച്ചവ്യാധിയെ നിയന്ത്രിക്കുന്നതിലും നല്ലരീതിയിൽ കൈകാര്യം ചെയ്യുന്നതിലും പ്രധാന പങ്ക് വഹിച്ചു.
പദ്ധതി പരിപാടികളിൽ ഉൾപ്പെട്ടിട്ടുള്ളതും സംസ്ഥാന പദ്ധതിയുടെ മുഖ്യ സവിശേഷതയുമാണ് ഉപജീവന പദ്ധതികൾ. 2019-20-ൽ 8.02 കോടി തൊഴിൽ വ്യക്തിദിനങ്ങൾ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ (MGNREGS) ഭാഗ്മായി സൃഷ്ടിച്ചു. സംസ്ഥാനത്തെ നഗര തൊഴിലുറപ്പ് പദ്ധതിയായ അയ്യങ്കാളി അർബൻ എംപ്ലോയമെന്റ് ക്രിയേഷൻ സ്കീം 2019-20 ൽ 26 ലക്ഷം തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചു. സംസ്ഥാനത്തിന്റെ സാമൂഹിക-സാമ്പത്തിക വികസനത്തിൽ കുടുംബശ്രീ വഹിച്ച പങ്ക് പ്രത്യേകം എടുത്തു പറയേണ്ടതാണ്. കുടുംബശ്രീ സംസ്ഥാനത്തെ പ്രത്യേകിച്ച് സ്ത്രീകളുടെ ഉപജീവനദാതാവും പിന്തുണയുമായി മാറി. 30,000 എൻഎച്ച്ജികളിലൂടെ രണ്ടു ലക്ഷത്തിലധികം പേർക്ക് സഹായം നൽക്കിയ റീസർജന്റ് കേരള വായ്പാ പദ്ധതിക്ക് കുടുംബശ്രീയാണ് നേതൃത്വം നൽകുന്നത്. പ്രത്യേക ഉപജീവന വികസന പാക്കേജിന് കീഴിൽ കുടുംബശ്രീ നിരവധി സംരംഭങ്ങൾ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്.
പട്ടികജാതി-പട്ടികവർഗ ക്ഷേമം സംസ്ഥാനത്തിനു പരമപ്രധാനമാണ്. ഭവനനിർമ്മാണം, ആരോഗ്യം, വിദ്യാഭ്യാസം, ഉപജീവനം, അടിസ്ഥാന സൗകര്യ വികസനം എന്നീ മേഖലകളിൽ സർക്കാർ കാര്യമായ ഇടപെടലുകൾ നടത്തിയിട്ടുണ്ട്. 2019-20-ൽ ഭൂരഹിതർക്ക് ഭൂമി എന്ന പദ്ധതി പ്രകാരം 4,225 ഭൂരഹിത പട്ടികജാതി കുടുംബങ്ങൾക്ക് സഹായം നൽകി. വിദേശ പഠനത്തിന് വിദ്യാർഥികൾക്ക് സഹായവും നൽകി. പട്ടികജാതി വിദ്യാർത്ഥികൾക്കായി 4,556 പഠനമുറികൾ നിർമിച്ചു. 2016-17 മുതൽ 4,698 ആദിവാസികൾക്ക് 3,799.67 ഏക്കർ ഭൂമിനൽകി. നിലവിലുള്ള 150 കമ്മ്യൂണിറ്റി പഠന കേന്ദ്രങ്ങൾക്കു പുറമേ, ആദിവാസികൾക്ക് ട്യൂഷൻ, ഇ-ലേണിംഗ് സൗകര്യങ്ങൾ നൽകുന്നതിന് 100 കമ്മ്യൂണിറ്റി പഠന കേന്ദ്രങ്ങൾ കൂടി ആരംഭിച്ചു. മില്ലറ്റ് വില്ലേജ് പദ്ധതിപ്രകാരം 400 ഹെക്ടറിലെ കൃഷിയുടെ പ്രയോജനം 1,256 കർഷകർക്ക് ലഭിച്ചു. ഇതിനു പുറമേ, അട്ടപ്പാടിയിൽ പോഷകാഹാര പര്യാപ്തത പദ്ധതിയിൽ 1,211 കർഷകർ അഗ്രോ ഇക്കോളജി പ്രകാരം 1,671 ഏക്കർ കൃഷി ചെയ്തു.
2019-20-ലെ സർക്കാർ നയങ്ങൾ സാമൂഹിക സംരക്ഷണത്തോടൊപ്പം വളർച്ച പ്രോത്സാഹിപ്പിക്കാനുള്ള അതിന്റെ ശ്രമങ്ങളുടെ തുടർച്ചയായിരുന്നു. എന്നാൽ, എല്ലാ പ്രവർത്തനങ്ങൾക്കും കോവിഡ്-19 പകർച്ചവ്യാധി വലിയ ആഘാതമായി. കോവിഡ്-19 പകർച്ചവ്യാധി കേരളം ഉൾപ്പെടെ ലോകത്തിലെ എല്ലാ സമ്പദ് വ്യവസ്ഥയിലും ആഘാതം ഏൽപ്പിച്ചു. 2020 ജനുവരി 30നാണ് ഇന്ത്യയിലെ കോവിഡ്-19 ന്റെ ആദ്യ കേസ് കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. സംസ്ഥാനത്തെ ആരോഗ്യ സംവിധാനം ദ്രുതഗതിയിൽ പ്രതിസന്ധിയോട് പ്രതികരിച്ചു, ജനങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ലഭിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്താൻ എല്ലാ സർക്കാർ സംവിധാനങ്ങളും ഉണർന്ന് പ്രവർത്തിച്ചു. സേവനങ്ങൾ ലഭ്യമാക്കന്നതിൽ പൊതു ഇടപെടലുകളൂടെ ശക്തി കേരളം വീണ്ടും ലോകത്തിന് കാട്ടിത്തന്നു. കോവിഡ്-19 പകർച്ചവ്യാധിയെ സംസ്ഥാനം കൈകാര്യം ചെയ്തരീതി ലോകമെമ്പാടും പ്രശംസ നേടി. കേരളത്തിൽ സ്ഥാപിതമായ പൊതുജനാരോഗ്യ സംരക്ഷണ സംവിധാനത്തിന്റെയും വികേന്ദ്രീകൃത ഭരണത്തിന്റെയും സവിശേഷ മേന്മകൾ പകർച്ചവ്യാധിയെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നത്തിൽ ഗണ്യമായ സംഭാവന നൽകി. ഇന്ത്യയിൽ ആദ്യമായി 20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച സംസ്ഥാനവും കേരളമായിരുന്നു. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന് സർക്കാർ നടപടികൾ സ്വീകരിച്ചു, അതിഥി തൊഴിലാളികൾക്ക് പിന്തുണ നൽകി, ഉപജീവനമാർഗങ്ങൾ പിന്തുണയ്ക്കുന്നതിനുള്ള പുനരുദ്ധാരണ നടപടികൾ പ്രഖ്യാപിച്ചു, ചെലവുകൾ ക്രമപ്പെടുത്തി ഏറ്റവും ഉൽപാദനക്ഷമമായ ഉപയോഗങ്ങൾക്ക് മുൻഗണന നൽകി.
ചുരുക്കിപ്പറഞ്ഞാൽ, സാമ്പത്തിക രംഗത്ത് ഉൽപാദന ശക്തികളെ പ്രോത്സാഹിപ്പിക്കുന്നതിനും എല്ലാ ജനങ്ങളുടെ ക്ഷേമവും ലിംഗ നീതിയും ഉറപ്പാക്കുന്നതിനുമായുള്ള നയങ്ങളൂം പരിപാടികളും സർക്കാർ വിജയകരമായി നടപ്പാക്കിയിട്ടുണ്ട്.